Thursday, May 21, 2009

ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്


വിവാഹം കഴിഞ്ഞ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു അച്ഛനാകാനുള്ള അറിയിപ്പുമായി ഭാര്യ ഛര്‍ദ്ദിച്ചു കാണിച്ചത്. എല്ലാവര്‍ക്കും സന്തോഷം,എനിക്ക് ആശ്വാസം. ഞങ്ങള്‍ പ്ലാനിങ്ങിലാണ് എന്ന സ്ഥിരം ഉത്തരം പറഞ്ഞു പറഞ്ഞു മടുത്ത ഞാന്‍ പിന്നീട് കൂട്ടുകാര്‍ പ്ലാനിംഗ് തീര്‍ന്നില്ലേ എന്ന് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയതും പിന്നീട് ആ ചോദ്യങ്ങള്‍ എന്റെ പുരുഷത്വത്തെ വരെ ചോദ്യം ചെയ്യും എന്നൊരു ഘട്ടത്തിലാണ് ആ സന്തോഷവാര്‍ത്ത എന്റെ മനസ്സും ശരീരവും കുളിരണിയിച്ചു കൊണ്ട് എന്നിലൂടെ പെയ്തിറങ്ങിയത്. എന്തോ അമൂല്യമായ ഒരു നിധി സൂക്ഷിക്കുന്നത് പോലെ എല്ലാവരും ഭാര്യയെ ശുശ്രൂഷിക്കുന്നത്‌ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കുനിയരുത്, ഭാരം എടുക്കരുത്,പെട്ടെന്ന് എഴുന്നെല്‍ക്കരുത്, വലിയ ഹീലുള്ള ചെരുപ്പ് ഇടരുത് എന്നിങ്ങനെയുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ , ഇതൊക്കെ എനിക്കും സമ്മതമായിരുന്നെങ്കിലും "ബെഡ് റെസ്റ്റ്" എന്നൊരു വില്ലന്‍ ഇങ്ങനെ കടന്നാക്രമിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദുഃഖം കടിച്ചമര്‍ത്തിയത് ഒരു കുഞ്ഞിക്കാലു കാണാമല്ലോ എന്ന ആശ്വാസത്തില്‍ മാത്രമാണ്.

മൂന്നാം മാസത്തെ ചെക്ക് അപ്പിന് ഞാനാണ് ലീവെടുത്ത് അവളുടെ കൂടെ പോയത്. പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി. പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്, കോളേജില്‍ ഒരുമിച്ചു പഠിച്ച അല്‍പ്പം പരിഷ്കാരമൊക്കെ പറഞ്ഞു നടന്നിരുന്ന ആഞ്ജലീനയെ കണ്ടത്. അവള്‍ക്ക്‌ വയര്‍ പൊങ്ങിയിട്ടൊന്നും കാണുന്നില്ല, ഇവിടെയായതിനാലാണ് ഞാന്‍ സ്വാഭാവികമായി വയര്‍ നിരീക്ഷണം നടത്തിയത് എന്ന് സമാധാനിച്ചു. പ്രസവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതുമൊക്കെ അറു പഴഞ്ജന്‍ ഏര്‍പ്പാടാണെന്നും അതിനൊക്കെ വാടക ഗര്‍ഭപാത്രങ്ങളും മറ്റും സുലഭമാനെന്നും തന്റെ സൌന്ദര്യം അങ്ങിനെ കളയാനില്ലെന്നും ശക്തിയായി വാദിച്ചവളെ ഒരു ഗൈനക്കോളജിസ്ടിന്റെ റൂമിന് മുന്നില്‍ കണ്ടതിന്റെ ആശ്ചര്യത്താല്‍ അവളുടെ അടുത്തെത്തി.

"ഹായ് ആഞ്ജലീന ഓര്‍ക്കുന്നുണ്ടോ എന്നെ?
അവള്‍ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി,
"ഓ,നമ്മുടെ ഒരു മുന്‍ ആര്‍ട്സ് ക്ലബ് സെക്രെട്ടറിയല്ലേ മറക്കാന്‍ പറ്റുമോ?"
ഭാഗ്യം അവള്‍ മറന്നിട്ടില്ല,ഞാന്‍ ആശ്വാസം കൊണ്ടു.
"എന്താടോ ഇവിടെയൊക്കെ? തന്റെ വാദ മുഖങ്ങളെയൊക്കെ മണ്ണിട്ട്‌ മൂടിയോ?"
" ഏയ് അങ്ങിനെയൊന്നും ഇല്ലടോ, എന്നാലും കണക്കു കൂട്ടലുകള്‍ തെറ്റുമ്പോള്‍ ഇവിടെ വരാതിരിക്കാന്‍ പറ്റില്ലല്ലോ, ജസ്റ്റ് ഒരു ഡി എന്‍ സി"
അവള്‍ അത് വളരെ നിസ്സാരമായി പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഭാര്യയുടെ വയറിലേക്കൊന്നു നോക്കി. ഒരു ജന്മത്തോടുള്ള രണ്ടു വ്യതസ്ത കാഴ്ചപ്പാടുകള്‍.ഞാന്‍ അല്‍പ്പം പരിഭവത്തോടെ ചോദിച്ചു
" നീ കല്യാണത്തിനോ വിളിച്ചില്ല, എവിടെ നിന്റെ ഹസ്? വന്നിട്ടില്ലേ, ഒന്ന് പരിചയപ്പെടുത്തടോ?
അവള്‍ വീണ്ടും വശ്യമായി പുഞ്ചിരിച്ചു.
"കല്യാണമോ? സോറി മാന്‍, ആ ഒരു സാഹസം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല".

അവള്‍ ഒരു കൂസലുമില്ലാതെ ഡോക്ടറുടെ റൂമിലേക്ക്‌ കയറിപ്പോയി. കല്യാണം കഴിക്കുന്നത്‌ അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ എന്ന് ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഭാര്യ ചോദിച്ച പലചോദ്യങ്ങളും ഞാന്‍ കേട്ടില്ല.

Saturday, May 9, 2009

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌.

എനിക്ക് മുമ്പെ ഈ വഴി നടന്നവര്‍, എനിക്ക് ശേഷം വരാനിരിക്കുന്നവര്‍ , അപരിചിതര്‍, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. എല്ലാവരുടെ മുഖത്തും കാത്തിരിപ്പിന്റെ ആലസ്യമുണ്ട്. എല്ലാവരും പ്രതീക്ഷയിലാണ്. ഒരു നല്ല പരി സമാപ്തിക്കായി.അല്ലെങ്കിലും ഈ വഴിയുടെ അവസാനം ഒരു പരി സമാപ്തി ഉണ്ടായല്ലെ പറ്റു. ഉണ്ടാവും എന്ന പ്രതീക്ഷയില്‍ എല്ലാവരും മന്ദം മന്ദം മുന്നോട്ടു നീങ്ങുന്നു.

ചിലര്‍ വലിയ കണക്കു കൂട്ടലുകളിലാണ് , മറ്റു ചിലര്‍ ആവലാദികളിലും, വേറെ ചിലര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു, കുറച്ചു പേര്‍ അല്‍പ്പം മാറി നിന്നു ഞങ്ങളെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും അച്ചടക്കത്തോടെ വരി വരിയായി വളരെ നിശ്ശബ്ദതയിലാണ് നീങ്ങുന്നത്‌. തിരക്ക് കൂട്ടി മുന്നേറാന്‍ ശ്രമിച്ച ഒരാളെ അവര്‍ അസഭ്യ വര്‍ഷം കൊണ്ടു നഗ്നനാക്കി. അയാള്‍ ആ പരിശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. പക്ഷെ ഞങ്ങള്‍ നിരാശരായില്ല. പ്രതീഷയുടെ ചിറകില്‍ മുന്നോട്ടു തന്നെയാണ്. സഞ്ചരിക്കാന്‍ ഇനിയും ഒത്തിരി ദൂരമുണ്ട് , ഈ സമയക്രമത്തില്‍ ഞങ്ങള്‍ക്കീ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നാണ് എനിക്ക് ശേഷമുള്ളവരുടെ ആവലാദി.

ഈ യാത്രയില്‍ പലരെയും ഞാന്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പക്ഷെ അധികവും അപരിചിതരാന്. പ്രായം കൊണ്ടു ജീവിതത്തിന്റെ പതിനെട്ടാം പടി പോലും കയരാത്തവര്‍. മൂക്കിനു താഴെ മുടി കിളിര്‍ക്കാത്തവര്‍....ഈ സംഘത്തെ എന്താണ് വിളിക്കേണ്ടതെന്ന് ഞാന്‍ പലകുറി ആലോചിച്ചു. എനിക്ക് മുമ്പേ ലക്ഷ്യത്തില്‍ എത്തിയവര്‍ വളരെ ആഹ്ലാദത്തിലാണ്. അവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല, അവര്‍ ഒരു ചെറു സംഘമായി വീണ്ടും ഒരു വാഹനത്തില്‍ യാത്ര തുടരുന്നു.

എന്റെ ഊഴം ആയിട്ടില്ല. പലപ്പോഴും നമ്മള്‍ നമ്മുടെ ഊഴങ്ങള്‍ തിരിച്ചറിയാറില്ല. അത് തനിയെ
സംഭവിക്കുകയാണ്. ചിലരതിനെ ഭാഗ്യം എന്നോ യോഗമെന്നോ വിളിച്ചു. പക്ഷെ ഈ ഊഴം എല്ലാവരിലും വരുമെന്ന് എനിക്കുറപ്പായിരുന്നു. എത്ര പേര്‍ അത് നേരാവണ്ണം ഉപയോഗിക്കുന്നു? അറിയില്ല, അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. എന്റെ ചിന്തകള്‍ മുഴുവനും അവളിലായിരുന്നു. കോളേജിലെ അവസാന ദിനവും യാത്ര പറഞ്ഞിറങ്ങിയ ഈ ദിവസത്തിലും അവള്‍ ഒന്നും പറഞ്ഞില്ല. ഒന്നാകുമെന്ന ചിന്തകളാല്‍ പകുത്തു തന്ന പല അമൂല്യ നിധികളും അവള്‍ ഒരു കടങ്കഥ പോലെ മറന്നിരിക്കുന്നു. അവളുടെ ചിന്തകളില്‍ നിന്നും എന്റെ ചിത്രം ചിതലരിക്കാന്‍ തുടങ്ങിയിരുന്നു എന്ന് അവള്‍ പറഞ്ഞപ്പോഴും ഞാന്‍ ഞെട്ടിയില്ല. അല്ലെങ്കിലും അവളുടെ ചിന്തകള്‍ക്ക് ജീവനുണ്ടായിരുന്നില്ല എന്ന തിരിച്ചരിവാകാം എന്നെ അത്ഭുതപ്പെടുത്താതിരുന്നത്. അവള്‍ എന്നില്‍ നിന്നും പകര്‍ന്നെടുത്തത്തില്‍ ഒന്ന് അവളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചപ്പോഴും പതറാതെ, പശ്ചാത്താപങ്ങള്‍ ഒട്ടും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞ് അവള്‍ എന്റെ മുന്നിലേക്ക് വന്നപ്പോഴും അവളുടെ കണ്ണുകളില്‍ ഭയപ്പാടിന്റെയോ മന:സ്സാക്ഷിക്കുത്തിന്റെയോ ഒരു ലാന്ജന പോലും ഇല്ല എന്നുള്ളത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇനി ആരിലേക്കാണ് അവള്‍ നടന്നു കയറുക എന്ന ചിന്ത എന്നെ അല്‍പ്പം അസ്വസ്ഥനാക്കി.


എന്റെ യാത്ര ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുന്നു. അവളുടെ മുഖം മനസ്സില്‍ തെളിയാതിരിക്കണം. അതിനുള്ള കുറുക്കുവഴിയിലാണ് സുഹൃത്തേ നമ്മള്‍ കണ്ടത്. ഈ മരുന്ന് എന്റെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തെക്കെങ്കിലും മറക്കാന്‍ സഹായിക്കും എന്ന് കരുതിയാണ് ഞാന്‍ ഈ യാത്രയില്‍ പങ്കെടുത്തത്. പഴയൊരു ദിനപ്പത്രത്തിന്റെ താളില്‍ മരുന്ന് പൊതിഞ്ഞു വാങ്ങി ആ യാത്രയുടെ പര്യവസാനം കുറിച്ച്, ആ വൈന്‍ ഷോപ്പില്‍ നിന്നും മറ്റൊരു ചെറു വാഹനത്തില്‍ ഏകനായി ഞാന്‍ യാത്ര തുടര്‍ന്നു....

Tuesday, May 5, 2009

കാന്തവലയം


രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമര്‍ ഉണ്ടെനു പറഞ്ഞു മാമി എന്നെ പറഞ്ഞു വിട്ടു. ആരാണെന്നറിയാന്‍ ഒട്ടും ആഗ്രഹമൊന്നും തോന്നിയില്ല. എങ്കിലും രാവിലെത്തന്നെ ബുദ്ധിമുട്ടിക്കാന്‍ വന്ന അയാളെ ഞാന്‍ മനസ്സാല്‍ ശപിച്ചു. അയാള്‍ രമേഷ് മേനോനായിരുന്നു, ഏതാണ്ട് നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. ഇതിനു മുമ്പും അയാള്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷെ ഈ രാവിലെ വരുന്നത് ഇത് ആദ്യം.
എന്താ സാറേ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ, പെണ്ണുമ്പിള്ള പിന്നെയും പിണങ്ങിപ്പോയോ?
ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ വല്ലാതെ കിതക്കുനുണ്ടായിരുന്നു. അയാളെ ഞാന്‍ കട്ടിലിലേക്കിരുത്തി. അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു "എന്താ സാറേ വല്ല പ്രശ്നവുമുണ്ടോ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ?
അയാള്‍ അല്‍പ്പം വെള്ളത്തിന്‌ ആവശ്യപ്പെട്ടു. അയാളുടെ ഷര്‍ട്ട്‌ ഹാങ്ങ്കെറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക്‌ വെള്ളവുമായി വന്നു. അയാള്‍ അത് കുടിച്ചതിനു ശേഷം എന്നോട് അല്പം മദ്യം ആവശ്യപ്പെട്ടു.
"എന്താ സാറേ ഇത്, ഈ വെളുപ്പാന്‍കാലത്ത് തന്നെ തുടങ്ങണോ?
അയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. ഒരല്‍പം മദ്യം ചെന്നാല്‍ എല്ലാം പറയും എന്ന് മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക്‌ മദ്യം നല്‍കി. ലഹരി തലയ്ക്കു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"എടീ ഒരുമ്പെട്ടോളെ, നിനക്കറിയോ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അവളുടെ വീട്ടില്‍ പോയി . എന്നോടൊപ്പം ജീവിക്കാന്‍ അവള്‍ക്കു വയ്യാത്രെ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് പോലും".
പിന്നെയും അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും അയാള്‍ പിറു പിറുത്തു. അയാള്‍ പിന്നെയും കുടിച്ചു. അന്ന് വൈകുന്നേരം വരെ അയാള്‍ എന്നെ വിലക്കെടുത്തു.
അന്ന് ഒരിക്കല്‍ പോലും അയാള്‍ ഞാനുമായി ശരീരം പങ്കുവെച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു. അന്ന് വൈകീട്ടു പോകുന്നത് വരെ അയാള്‍ കുറ്റബോധം കൊണ്ട് നെടുവീര്‍പ്പിടുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും അയാള്‍ ആ വഴി വരില്ലെന്ന് ശപഥം ചെയ്തു കൊണ്ടാണ് പോയത്. അയാളുടെ വാക്കുകളില്‍ ആത്മാര്‍ഥതയുന്ടെന്നു എനിക്ക് തോന്നി. പതിവില്ലാതെ അയാളുടെ ഭാര്യ തിരിച്ചു വരാനായി ഞാന്‍ പ്രാര്ത്ഥിച്ചു. അന്ന് രാത്രിയില്‍ മുഴുവന്‍ അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. പിറ്റേ ദിവസത്തെ തണുത്ത പ്രഭാതം. നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നതും അയാള്‍, രമേഷ് മേനോന്‍ ! അയാള്‍ റൂമില്‍ കയറി വാതിലടച്ചു.